എന്നെ തഴുകുന്ന കാറ്റിന്‍
ഗന്ധമെതെന്നു നിര്‍വചിക്കാനെനിക്കാകുന്നില്ല
അതിന്‍ ഭാവമേതെന്നും എനിക്കറിയില്ല
ദുഖമോ സ്നേഹമോ വിരഹമോ
അതോ എന്‍ ഏകാന്തതയുടെ മൂടുപടമോ
മനസ്സില്‍ വിരിയുന്ന വികാരത്തിനു
എന്ത് പേരിട്ടു ഞാന്‍ വിളിക്കും
അതിന്‍ നിറമെന്ത് ഗന്ധമെന്ത്
ഒന്നുമെനിക്കറിയുവാനാകുന്നില്ല
എന്‍ ഏകാന്തതയുടെ വിരഹത്തിന്‍ -
തിരമാലകള്‍ മനസ്സിന്‍ മുത്തുച്ചിപ്പിയില്‍
താലോലിക്കുമെന്‍ സ്വപ്നങ്ങളും-
പേറിയൊലിച്ച് പോകുന്നുവോ?
കാത്തിരിപ്പിന്‍ സായം സന്ധ്യകളെ
വിരഹത്തിന്‍ കണ്ണീരാല്‍
മുക്കിത്തുടയ്ക്കപ്പെടുന്നുവോ?
എന്‍ വിതുമ്പലിനെ തലോടാനണയുന്ന
കാറ്റിനെ നൊമ്പരക്കാറ്റെന്നു വിളിക്കട്ടെ ഞാന്‍
എന്‍ സന്ധ്യകള്‍ നിനക്കായി കൊതിക്കുന്നു...
നീ വരുമെന്ന് നിനയ്ക്കുന്നു ഞാന്‍....
പക്ഷെ വീണ്ടുമെന്‍ കാറ്റിന്‍ ഭാവം
നൊമ്പരത്തിന്‍റെതാകുന്നു പ്രിയനേ !!!
എന്നെത്തഴുകുന്ന എന്‍ ഏകാന്തതയുടെ
നൊമ്പരക്കാറ്റെന്‍ ആത്മമിത്രമാകുന്നുവോ?
ജീവിതമിനിയുമിങ്ങനെ ഒഴുകട്ടെ അനുസ്യൂതം !!!